ഭാര്യയെ സ്നേഹിക്കാൻ പൈസ വേണോ ?

ചോദ്യം മനസിലായില്ലേ? എനിക്കും മനസിലാവാത്തത് അതാണ് .

ഒരു എട്ട് മണി ആയപ്പോഴാണ് ഒരു മുഖമോ പേരോ ഒന്നുമില്ലാത്ത ഐഡിയിൽ നിന്നും മെസേജ് വരുന്നത് . അത് ഇപ്രകാരം ആയിരുന്നു . താൻ പറയുന്നത് പോലെ ഒന്നുമല്ല ജീവിതം കല്യാണം കഴിയും മുൻപ് ഞാനും അങ്ങനെയൊക്കെ സ്വപ്നം കണ്ടിരുന്നു ഒന്നും മനസിലാവാതെ ഞാൻ എന്തു പറഞ്ഞു എന്ന് റിപ്ലെ കൊടുത്തു . ഇനി വേറെ ആർക്കെങ്കിലും അയച്ച മെസേജ് മാറി വന്നതായിരിക്കുമോ എന്നായിരുന്നു എന്റെ സംശയം .
താനെഴുതാറില്ലെ അതുപോലെ അല്ലാ എന്ന് . കല്യാണം കഴിഞ്ഞാൽ നി ഈ പറയുന്ന സ്നേഹമൊന്നും കാണില്ല . അപ്പൊഴാണ് എനിക്ക് സംഭവം കത്തിയത് . ഇടയ്ക്ക് എന്റെ ഐഡിയിൽ നിന്നും വന്ന പ്രണയകഥകളാണ് വിഷയം . ആദ്യം ഞാൻ നോക്കിയത് ഇത് അയക്കുന്നത് ആണാണോ പെണ്ണാണോ എന്നതാണ് . ഒരു പെണ്ണാണെന്ന് തോന്നി . കല്യാണം കഴിഞ്ഞതും ആണ് . മുഖമില്ലാത്ത എന്നോട് മുഖമില്ലാതെ രണ്ട് വാക്ക് പറയാൻ വന്നതാണത്രെ .

എന്തുകൊണ്ട് സ്നേഹിക്കാൻ പറ്റില്ല എന്ന് ചോദിച്ച എന്നോട് പറഞ്ഞത് കല്ല്യാണം കഴിഞ്ഞാൽ ചെക്കന്റെ വീട്ടുകാർ പിന്നെ പൈസ ഒക്കെ പ്രശ്നമാണ് എന്ന് പറഞ്ഞ് പുള്ളിക്കാരി കാരണങ്ങൾ നിരത്തി തുടങ്ങി . ഞാൻ റിപ്ലെ അയക്കാൻ തുടങ്ങി .
താൻ പറഞ്ഞ ഒന്നാമത്തെ കാര്യം വീട്ടുകാരാണ് . കല്ല്യാണം കഴിഞ്ഞ നിങ്ങൾക്ക് കിടക്കുന്നതിന് മുൻപ് ഒരഞ്ചുമിനുട്ട് സംസാരിച്ചൂടെ . അതിനുള്ള പ്രൈവസി കിട്ടില്ലെ നിങ്ങളുടെ റൂമിൽ . അപ്പൊ ഒന്ന് ചേർന്ന് കിടന്ന് സംസാരിക്കാലോ . ഇനി രണ്ടാമത് പറഞ്ഞത് പൈസയാണ് പ്രശ്നം എന്ന് .

സ്നേഹിക്കാൻ എന്തിനാണ് പൈസ .
ഒന്നിച്ച് നടക്കുംബോൾ അവളുടെ ഇടതു കൈയിലേക്ക് നിങ്ങളുടെ വലതുകൈ ചുറ്റിപിടിക്കാൻ പൈസ വേണോ ?

ഒരുമിച്ച് അമ്പലത്തിൽ പോയി അവളുടെ നെറ്റിയിൽ നിങ്ങളുടെ മോതിരവിരൽ കൊണ്ട് ചന്ദനം തൊട്ടു കൊടുക്കാൻ പൈസവേണോ ?

കുളിച്ച് ഈറനോടെ കുളിമുറിയിൽ നിന്നും ഇറങ്ങി വരുന്ന അവളുടെ അണി വയറിൽ അമ്മ കാണാതെ ഒരു നുള്ളു കൊടുക്കാൻ ഞാനാഗ്രഹിച്ചിട്ടുണ്ട് . അതിന് പൈസ വേണോ ?

കണ്ണാടി നോക്കി നിൽക്കുന്ന അവളുടെ പിന്നിൽ കൂടി പോയി പെട്ടെന്ന് വയറിലൂടെ കൈയ്ചുറ്റി അവളുടെ പിൻകഴുത്തിൽ ചുണ്ടമർത്തി ഒരു ഉമ്മ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് . അതിന് പൈസ വേണോ ?

മാസമുറ ആകുംബോൾ അവളുടെ വേദനയെ അടുത്തു കിടന്ന് മുടിയിഴകളിൽ കൈ തലോടി സാരമില്ലെടീ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പൈസ വേണോ ?

വിശേഷമായിരിക്കുന്ന സന്ധ്യകളിൽ അവൾ വീട്ടിൽ തനിച്ചാണെന്നും പറഞ്ഞ് കൂട്ടുകാർക്കിടയിൽ നിൽക്കാതെ ഓടിവന്ന് കൂട്ടിരിക്കണം . അവളുടെ മടിയിൽ കിടന്ന് അങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ നീ തനിച്ചല്ലല്ലോ എന്റെ മോളില്ലെ ഇവിടെ എന്നു പറഞ്ഞ് അവളുടെ വയറിൽ ഉമ്മ വെക്കുംബോൾ മുഖത്തേ പുഞ്ചിരി കാണണം . അതിനു പൈസ ചിലവുണ്ടോ ?

മാസാമാസം ചെക്കപ്പിനു പോകുംബോൾ അമ്മയെ ഏൽപിക്കാതെ എനിക്ക് തന്നെ പോകണം അവളുടെ കൂടെ . ആശുപത്രി വരാന്തയിലൂടെ ചേർത്തു പിടിച്ച് നടക്കുംബോൾ വെറുതെ എങ്കിലും ഒരു നഴ്സിനെ നോക്കി സുന്ദരി എന്നു പറയണം അപ്പൊൾ കാണാം അവളുടെ കുശുംബും സ്നേഹോം . അല്ലാതെ അന്നത്തെ ദിവസോം പണിക്ക് പോകുവല്ല വേണ്ടത് . മാസത്തിൽ 28 ദിവസം പണിക്കു പോയിട്ടും പൈസ തികയുന്നില്ലെങ്കിൽ ആ ഒരു ദിവസം കൂടി പോകാതിരുന്നാൽ ഒന്നും സംഭവിക്കില്ല .

നീയൊരു സ്വപ്നജീവിയാണ് . അല്ലാതെ നീ ഈ പറയുന്നതൊന്നും നടക്കില്ല പുള്ളിക്കാരി വീണ്ടും പറഞ്ഞു . നടക്കും എന്ന് ഞാനും . ഒടുവിൽ തർക്കം മുറുകിക്കൊണ്ടിരുന്നു . ഞാനും വിട്ടുകൊടുത്തില്ല . ഞാൻ സ്നേഹത്തെയും സ്നേഹിക്കുന്നതിനേയും പറ്റി പറഞ്ഞു കൊണ്ടിരുന്നു . ഒടുവിൽ പുള്ളിക്കാരിക്ക് നല്ല ദേഷ്യം വന്നുന്നു തോന്നുന്നു .

എന്നാപ്പിന്നെ നീ പോയി കെട്ടടാ പട്ടീ . എന്നിട്ട് വന്ന് ഡയലോഗടിക്ക് ഒടുവിൽ പുള്ളിക്കാരിയുടെ ക്ഷമകെട്ടുള്ള വർത്താനം .
നീണ്ട ഒരു മൗനം . പുള്ളിക്കാരി എന്നെ ബ്ലോക്കിയതാണോ ഞാൻ അവരെ ബ്ലോക്കിയതാണോ സുക്കണ്ണൻ ഞങ്ങളെ രണ്ടാളെയും ബ്ലോക്കിയതാണോ എന്നൊന്നും അറിയില്ല .
ശുഭം .
ഇപ്പൊഴും ചോദ്യം ബാക്കി ഇതിനൊന്നും പൈസ വേണ്ടല്ലോ ? പിന്നെ സ്നേഹിച്ചാൽ എന്താ ? .

മണ്ടശിരോമണി .

Save This Page As PDF